Tuesday, December 4, 2007

അഭാവം

ആരോ വിളിക്കുന്നുണ്ട്
തീരെപ്പതിഞ്ഞസ്വരത്തില്‍
‍ആരാവും
ഇപ്പോഴും നീ?

രാവ് ; ഇരുണ്ട് നീലിച്ച ഒരു നദി
സ്വപ്നങ്ങള്‍ക്കക്കരെ
നിലാപ്പാല പൂത്തും
നക്ഷത്രങ്ങള്‍ കൊഴിഞ്ഞും
ഓര്‍മ്മകളുടെ ഞരമ്പുകളി‌ലൂടെ
നിതാന്തമായി ഒഴുകിക്കൊണ്ടേയിരിക്കും...

ഇരുള്‍പ്പൊന്തകളില്‍
മിന്നാമിന്നികള്‍ ഊയലാടും
കാട്ടുപച്ചയുടെ. ഉന്മാദം കിനിയുന്ന
നീരുറവകളില്‍.
ജന്മാന്തരങ്ങള്‍
മുഖം നോക്കും.

എന്റെ നടപ്പാതകളില്‍
നീ കൊഴിച്ച ഇലകള്‍ ഇതളുകള്‍
നാമ രൂപ ഗന്ധങ്ങളായി
അഭയവും സാന്ത്വനവുമായി
സ്നേഹാര്‍ദ്ര സ്പര്‍ശനമായി
പുനര്‍ജ്ജനിയുടെ പടവുകള്‍ തേടുന്നു...

പക്ഷേ...വേര്‍തിരിച്ചറിയാനാവുന്നില്ല - ഒന്നും!
അതു നീയാകുമോ?
അഥവാ
നിന്നെ കളഞ്ഞുപോയ ഞാന്‍...?

Thursday, November 29, 2007

വര്‍‌ഷ‌ ഋതുവില്‍

നിറനിലാവിന്‍ ശരന്നിശയോ
നീല നീരവ ശാദ്വല യാമം
പ്രിയതേ നിന്‍ നീള്‍മിഴിത്തുമ്പില്‍
ഇന്നുരുവാര്‍ന്ന സ്വപ്നമെന്താവോ

മിഴിജാലകങ്ങള്‍‌ക്കു മുന്നില്‍
ലയലാസ്യ വര്‍ഷര്‍‌ത്തു‌‌മേളം
കാറ്റിന്‍ വളകിലുങ്ങുമ്പോള്‍
മണ്ണില്‍‍ സുവാസവിലാസം

ആകെ നനഞ്ഞ മനസ്സിന്‍
ചാഞ്ഞ ചില്ലയില്‍ നിന്നോര്‍മ്മ പൂക്കെ
നിഴലിന്നിലച്ചാര്‍ത്തിലൂടെ
കനവുകള്‍ തന്‍ മിന്നലാട്ടം

ഏതോ കടുന്തുടിത്തോറ്റം
ശ്രുതി ചേര്‍ത്തിടും വേണുനിനാദം
നിനവുകള്‍ ഭൂര്‍ജപത്രങ്ങള്‍
പ്രണയവൈഖരീ ലിഖിതമീ വര്‍ഷം