Sunday, April 20, 2008

പ്രണയ ജാതകം

കൊടും മേടച്ചൂടില്‍ തിളയ്ക്കും വര്‍ണങ്ങള്‍

മിടിപ്പിന്‍ താളങ്ങള്‍ പൊലിയും സന്ധ്യകള്‍

പകലഴികളില്‍ നരയ്ക്കും കാഴ്ച്ചകള്‍

പകല്‍ക്കിനാവിലോ നുരയുമോര്‍മ്മകള്‍



നരച്ച ചായം നിന്‍ പകല്‍മിഴി, രാവില്‍-

ജ്വലിക്കും സന്ദേഹ നഖങ്ങളാഴ്ത്തുന്നു

പതുപതുപ്പാര്‍ന്ന പദങ്ങള്‍ക്കുള്ളിലാ-

യവിശ്വാസ രൂഢമുനയൊളിക്കുന്നു

ചപല മാനസക്കെടുതികളാലെന്‍

സ്ഥിരപഥങ്ങളില്‍ കെണിയൊരുക്കുന്നു

വരൂ; വരികെന്നു സദയമോതുന്നു



പകലിരവുകള്‍ നുരഞ്ഞുതീരുന്നു

പരിഭവത്തിന്റെ വിലങ്ങള്‍ നീറുന്നു

മുനകള്‍ കൂര്‍പ്പിച്ചു വിഷത്തില്‍ മുക്കിടും

മൊഴിയമ്പിന്നുന്നം കരള്‍ പിളരുന്നു



മനസ്സുപോലും ചൂഴ്ന്നെടുക്കും ലോഭത്തി-

ന്നിടവഴികളില്‍ മുഖമില്ലാതൊരാള്‍

‘നിനക്കു നീങ്ങുവാന്‍ വഴികളെട്ടുണ്ടെ’-

ന്നുദാരനായ് ചിരിച്ചൂട്ടുകള്‍ മിന്നിക്കെ

എവിടെയെന്‍ വഴി വസുക്കളെ, കള്ള,

പ്പകിടയിലിന്നെന്‍ വിധിവഴുക്കവെ?



പകലറുതികള്‍ പകുതി നിദ്രതന്‍

മുഷിഞ്ഞ പായകള്‍ തെറുത്തുവെയ്ക്കുന്നു

കറുപ്പോ വെള്ളയോ കരുക്കള്‍-അക്കങ്ങള്‍?

എതിര്‍പ്പോ തൊണ്ടയിലുറഞ്ഞു നീലിപ്പൂ?



ഹൃദയമാര്‍ദ്രമായ് സുവാസമായ് ചേര്‍ക്കും

പ്രണയ സ്വപ്നത്തിന്നിതള്‍ കരിയുന്നു

ഉടഞ്ഞ ശംഖിതില്‍ ഉറങ്ങുന്നു രാഗം-

തിരയിരമ്പുന്ന വ്യഥിത സാഗരം

ഉതിരുന്നുണ്ടിന്നും, ഒരോര്‍മ്മക്കൊന്ന-

കണിയരുളുന്ന വിഷുവിന്‍ ജാലകം

വിരഹം പഞ്ചമം നിരവല്‍ പൈങ്കിളി

കുറുകി നീട്ടുന്നൂ പ്രക്രുതി തന്‍ രാഗം

വെയില്‍ ചിറകുകള്‍ കുടഞ്ഞ മേടത്തിന്‍

അയന ദീപ്ത്മാം ചകോര നേത്രങ്ങള്‍

നിഴല്‍ നിലാവുകള്‍ പുണരും രാത്രി ത-

ന്നിടമുറ്റങ്ങളിലൊരൊറ്റ മന്ദാരം।

കിണറ്റിറമ്പിലായ് ചിരിക്കും പിച്ചികള്‍

ഇലഞ്ഞിപ്പൂക്കള്‍ തന്‍ പ്രിയതര ഗന്ധം

പ്രണയത്തിന്‍ മാങ്ങാച്ചുനപ്പാടേറ്റിയ

മറുകൊളിപ്പിക്കും വിരഹത്തിന്‍ കവിള്‍

ഇറവെള്ളം, മഴ, പുതുമണ്ണിന്‍ മണം

പകല്‍ക്കിനാവിന്റെ നനുത്ത തൂവാനം

അതിരില്ലാ വാനില്‍ പറന്നു മായുവാന്‍

കൊതിക്കുന്നേനീയല്‍ച്ചിറകിന്‍ ചില്ലുകള്‍...

ചിരിക്കുക; കണ്ണീരടക്കുക നാമീ-

യിലയില്ലാക്കാടിന്‍ തണലായ് മാറുക

കഠിന ദു:ഖങ്ങള്‍ വിവര്‍ത്തനം ചെയ്തു

കപട സൌഖ്യത്തിന്‍ മുഖപടം തീര്‍ക്ക

നിലയെഴാത്താഴം നിഴലിക്കും മിഴി-

ക്കഴിമുഖത്തിലെയഴലടക്കുക

ജനിമ്രുതി സാന്ദ്ര നിഷാദ രാഗത്താല്‍

നരച്ച ജന്മത്തിന്‍ മിഴിയെഴുതുക...

പ്രണയ വാനമേ മഥിത ചിന്തകള്‍-

ക്കിടം തികയാതെ വരുന്ന നേരം നീ

ഇരമ്പിയെത്തിടും പ്രവാഹാവേഗമായ്

നിറന്ന നീലതന്‍ തിരകളില്‍ ചേര്‍ക്ക

ലവണമത്രയും കലിച്ചെഴും ശിലാ-

ഫലകമാ‍യ്ത്തീര്‍ന്നു ദുരിത ജീവിതം

ചിതലെഴുതുന്നു ചിലത്...

തിന്നുവാനിനിയുണ്ടാമോ

ചരടുകള്‍ പൊട്ടി മരിച്ച പച്ചകള്‍

കുടപ്പനത്താളിന്നിടയിതളുകള്‍

ഹൃദയഭാഷ തന്‍ ചുരുക്കെഴുത്തുകള്‍-

പകര്‍ത്തിടുവാനായ് ഒരോല നാരായം

ലാഭക്കവടികള്‍ സൂക്ഷ്മ ഗണന തന്ത്രങ്ങള്‍

തിരുത്തെഴുത്തിനായ് പ്രണയ ജാതകം.

Saturday, January 26, 2008

ഇന്ന് ;ഇങ്ങനെ....

ഇന്ന് ഇവിടെ
നിശ്ശബ്ദത നങ്കൂരമടിച്ചിരിക്കുന്നു
പുറമെ ശാന്തമായ സമുദ്രം പോലെ...
ചിറകുകളനക്കാതെ പറക്കുന്ന-
ഏകാകിയായ ഗഗനചാരിയെപ്പോലെ..
മിടിക്കുന്ന നിശ്ശബ്ദത.

ചെറിയൊരു കല്ലെറിഞ്ഞ്
നിശ്ശബ്ദതയുടെ ഈ നിലാപ്പരപ്പില്‍
ധ്വനി തരംഗങ്ങളുടെ
കാന്തിക വലയങ്ങളുണര്‍ത്താന്‍
കൌതുകം തോന്നുന്നു..

ഇരുളിന്റെ ആഴങ്ങളില്‍,
ഘന ശ്യാമ നഭസ്സില്‍,
മിന്നിപ്പൊലിയുന്ന
വിദ്യുല്ലതയുടെ തിളക്കം
ചിന്തകളിലേക്കും
വാക്കുകളിലേക്കുമാവാഹിച്ച്..

മമതയും സ്നേഹവുമായി,
മഞ്ഞും വെയിലുമായി,
ചിരന്തന സൌഹൃദത്തിന്റെ-
നനുത്ത തളിരുകളായി
വിവര്‍ത്തനം ചെയ്യണമെന്നുണ്ട്..

പക്ഷെ..
നിശ്ശബ്ദത നിരന്തരം
മൊഴിഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍
ഉള്‍ച്ചില്ലകളില്‍
എന്നോ പെയ്തു തോര്‍ന്ന
നീലാം‌ബരിയെക്കുറിച്ച്
ഞാനെന്തു പാടും??

Thursday, January 24, 2008

AN IDEA CAN CHANGE YOUR LIFE

ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ നാരായം കൈ കൊണ്ട് തൊടാതിരിക്കാനാണിഷ്ടം.

എന്നാലോ ചറപറ ചറപറാന്ന് ഉള്ളില്‍ സദാ നസ്യം പറച്ചില്‍ തന്നെ.
ഉണ്ടിരുന്ന നായര്‍ക്കു വിളി വന്നതു പോലെ എല്ലാം പെട്ടെന്നായിരുന്നു.

എന്തുണ്ട്? ബ്ലോഗുണ്ട്. എന്തായി? ബ്ലോഗായി. പക്ഷെ ഒരൈഡിയ ജീവിതത്തെ ഇങ്ങനെ മാറ്റിമറിക്കുമെന്നു സ്വപ്നേ വിചാരിച്ചിരുന്നില്ല. പറഞ്ഞിട്ടെന്താ-അതൊരു ടെലികോം കമ്പനി പരസ്യം മാത്രമല്ലെന്നറിയുക. വിദ്യാര്‍ത്ഥി വര്‍ഗ്ഗം , പ്രൊഫഷണല്‍ എക്സിക്യൂട്ടീവുകള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരുടെയും കഴുത്തില്‍ നായ്‌ത്തുടലു മാതിരി ഞാത്തിയിരിക്കുന്ന ഒരൂട്ടം ഐഡിയ-അല്ല ഐഡി കാര്‍ഡ് കാണാത്തവരാരുമുണ്ടാവില്ലല്ലോ. കഴിഞ്ഞ മാസം തിരോന്തര‍ത്തെ ഫിലിം ഫെസ്റ്റിവലിന് ഓരോരോ പുമാന്മാര്‍ വന്നിരുന്ന സ്റ്റൈല്‍ ശ്രദ്ധിച്ചുവോ? ഒരു നാട പോക്കറ്റിനുള്ളിലേക്ക് വളഞ്ഞുകുത്തിക്കിടക്കും. അതിനററ്ത്തു ഐഎഫ് എഫ് കെ യുടെ പതക്കം കേവലം ഒരു ഐഡിയ മാത്രമാ‍വാനാണു ഏറെ സാധ്യത. പോ‍ക്കറ്റ് ഉള്ള‍വര്‍ ഭാഗ്യവാന്മാര്‍ . എന്നാല്‍ അതില്ലാത്ത ഡ്രെസ്സ്കോഡില്‍ തളച്ചിടപ്പെടുന്ന പെണ്‍ ചങ്ങാതിമാരുടെ പ്രയാസങ്ങള്‍ നിങ്ങള്‍‍ക്കറിയില്ലല്ലോ! മലയ്ക്കു പോവാന്‍ മാലയിട്ടവര്‍ മദ്യപിക്കാ‍ന്‍ നേരം മാല ഊരി വയ്ക്കുമെന്നു കേട്ടിട്ടുമുണ്ട്.


എന്നാ‍ല്‍ ഒന്നിനു പോവും നേരം ഐഡി കാര്‍ഡുംതുടലും ഊരി വെയ്ക്കാന്‍ മറന്ന ചില പെണ്‍ ചങ്ങാതിമാര്‍ തിരിച്ചു വന്ന് വാഷ് ബേസിനില്‍ ഡെറ്റോളും സോപ്പോയിലും കൊണ്ട് ഐഡിയെ പതപ്പിച്ചു കുളിപ്പിക്കുന്നതു കണ്ടപ്പോഴാണു എനിക്കീ ഐഡിയ കത്തിയത്.


കഷ്ടമാണീശ്വരാ, ഐഡിയയുടെ മൂക സാക്ഷികളായ ഈ പെണ്‍‍ വ്യക്തിത്വങ്ങള്‍!!!!!

Saturday, January 12, 2008

വഴികള്‍

ഈ മരുപ്പരപ്പിലെ
വഴികള്‍ വിചിത്രം
വിഭിന്നം

ആര്‍ക്കുമില്ല
സ്വന്തമായൊരു വഴി
എങ്കിലോ...
കാറ്റ് മണല്‍ വെയില്‍
നിലാവ് നക്ഷത്രങ്ങള്‍
ഒക്കെയും
ഓരോരോ വഴികള്‍!

ഒരു വഴിയും
പദങ്ങളാല്‍
അളക്കാനരുതാതെ
ഒടുവില്‍ ഞാന്‍
എന്നിലേക്കുതന്നെ
തിരിച്ചെത്തുന്നു

ഓര്‍മ്മയില്‍
മരുപ്പച്ചകള്‍ മാത്രം
ബാക്കി

പുലര്‍വെട്ടത്തില്‍
തിളങ്ങുന്ന
എട്ടുകാലി വല പോലെ
എന്തോ ഒന്നാണെന്‍റെ
സ്നേഹം

നീയതില്‍
കുടുങ്ങാതിരുന്നെങ്കില്‍
എന്ന്
ധ്യാനം