മിടിപ്പിന്‍ താളങ്ങള്‍ പൊലിയും സന്ധ്യകള്‍
പകലഴികളില്‍ നരയ്ക്കും കാഴ്ച്ചകള്‍
പകല്‍ക്കിനാവിലോ നുരയുമോര്‍മ്മകള്‍
നരച്ച ചായം നിന്‍ പകല്‍മിഴി, രാവില്‍-
ജ്വലിക്കും സന്ദേഹ നഖങ്ങളാഴ്ത്തുന്നു
പതുപതുപ്പാര്‍ന്ന പദങ്ങള്‍ക്കുള്ളിലാ-
യവിശ്വാസ രൂഢമുനയൊളിക്കുന്നു
ചപല മാനസക്കെടുതികളാലെന്‍
സ്ഥിരപഥങ്ങളില്‍ കെണിയൊരുക്കുന്നു
വരൂ; വരികെന്നു സദയമോതുന്നു
പകലിരവുകള്‍ നുരഞ്ഞുതീരുന്നു
പരിഭവത്തിന്റെ വിലങ്ങള്‍ നീറുന്നു
മുനകള്‍ കൂര്‍പ്പിച്ചു വിഷത്തില്‍ മുക്കിടും
മൊഴിയമ്പിന്നുന്നം കരള്‍ പിളരുന്നു
മനസ്സുപോലും ചൂഴ്ന്നെടുക്കും ലോഭത്തി-
ന്നിടവഴികളില്‍ മുഖമില്ലാതൊരാള്‍
‘നിനക്കു നീങ്ങുവാന്‍ വഴികളെട്ടുണ്ടെ’-
ന്നുദാരനായ് ചിരിച്ചൂട്ടുകള്‍ മിന്നിക്കെ
എവിടെയെന്‍ വഴി വസുക്കളെ, കള്ള,
പ്പകിടയിലിന്നെന്‍ വിധിവഴുക്കവെ?
പകലറുതികള്‍ പകുതി നിദ്രതന്‍
മുഷിഞ്ഞ പായകള്‍ തെറുത്തുവെയ്ക്കുന്നു
കറുപ്പോ വെള്ളയോ കരുക്കള്‍-അക്കങ്ങള്‍?
എതിര്‍പ്പോ തൊണ്ടയിലുറഞ്ഞു നീലിപ്പൂ?
ഹൃദയമാര്‍ദ്രമായ് സുവാസമായ് ചേര്‍ക്കും
പ്രണയ സ്വപ്നത്തിന്നിതള്‍ കരിയുന്നു
ഉടഞ്ഞ ശംഖിതില്‍ ഉറങ്ങുന്നു രാഗം-
തിരയിരമ്പുന്ന വ്യഥിത സാഗരം
ഉതിരുന്നുണ്ടിന്നും, ഒരോര്‍മ്മക്കൊന്ന-
കണിയരുളുന്ന വിഷുവിന്‍ ജാലകം
വിരഹം പഞ്ചമം നിരവല്‍ പൈങ്കിളി
കുറുകി നീട്ടുന്നൂ പ്രക്രുതി തന്‍ രാഗം
വെയില്‍ ചിറകുകള്‍ കുടഞ്ഞ മേടത്തിന്‍
അയന ദീപ്ത്മാം ചകോര നേത്രങ്ങള്‍
നിഴല്‍ നിലാവുകള്‍ പുണരും രാത്രി ത-
ന്നിടമുറ്റങ്ങളിലൊരൊറ്റ മന്ദാരം।
കിണറ്റിറമ്പിലായ് ചിരിക്കും പിച്ചികള്‍
ഇലഞ്ഞിപ്പൂക്കള്‍ തന്‍ പ്രിയതര ഗന്ധം
പ്രണയത്തിന്‍ മാങ്ങാച്ചുനപ്പാടേറ്റിയ
മറുകൊളിപ്പിക്കും വിരഹത്തിന്‍ കവിള്‍
ഇറവെള്ളം, മഴ, പുതുമണ്ണിന്‍ മണം
പകല്‍ക്കിനാവിന്റെ നനുത്ത തൂവാനം
അതിരില്ലാ വാനില്‍ പറന്നു മായുവാന്‍
കൊതിക്കുന്നേനീയല്‍ച്ചിറകിന്‍ ചില്ലുകള്‍...
ചിരിക്കുക; കണ്ണീരടക്കുക നാമീ-
യിലയില്ലാക്കാടിന്‍ തണലായ് മാറുക
കഠിന ദു:ഖങ്ങള്‍ വിവര്‍ത്തനം ചെയ്തു
കപട സൌഖ്യത്തിന്‍ മുഖപടം തീര്‍ക്ക
നിലയെഴാത്താഴം നിഴലിക്കും മിഴി-
ക്കഴിമുഖത്തിലെയഴലടക്കുക
ജനിമ്രുതി സാന്ദ്ര നിഷാദ രാഗത്താല്‍
നരച്ച ജന്മത്തിന്‍ മിഴിയെഴുതുക...
പ്രണയ വാനമേ മഥിത ചിന്തകള്‍-
ക്കിടം തികയാതെ വരുന്ന നേരം നീ
ഇരമ്പിയെത്തിടും പ്രവാഹാവേഗമായ്
നിറന്ന നീലതന്‍ തിരകളില്‍ ചേര്‍ക്ക
ലവണമത്രയും കലിച്ചെഴും ശിലാ-
ഫലകമായ്ത്തീര്‍ന്നു ദുരിത ജീവിതം
ചിതലെഴുതുന്നു ചിലത്...
തിന്നുവാനിനിയുണ്ടാമോ
ചരടുകള്‍ പൊട്ടി മരിച്ച പച്ചകള്‍
കുടപ്പനത്താളിന്നിടയിതളുകള്‍
ഹൃദയഭാഷ തന്‍ ചുരുക്കെഴുത്തുകള്‍-
പകര്‍ത്തിടുവാനായ് ഒരോല നാരായം
ലാഭക്കവടികള്‍ സൂക്ഷ്മ ഗണന തന്ത്രങ്ങള്‍
തിരുത്തെഴുത്തിനായ് പ്രണയ ജാതകം.